03:25pm 16 September 2026
NEWS
ടിക്കറ്റില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന ട്രെയിൻ
31/08/2025  06:31 PM IST
nila
ടിക്കറ്റില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന ട്രെയിൻ

ഓണക്കാലമായപ്പോഴേക്കും മറുനാടൻ മലയാളികൾ നാടയണയാനായി പെടാപ്പാട് പെടുകയാണ്. കേരളത്തിന് പുറത്ത് തമിഴ്നാട്ടിലും കർണാടകയിലും മഹാരാഷ്ട്രയിലും ഡൽഹിയിലും സാമാന്യം നല്ല മലയാളി സമൂഹമുണ്ട്. ​ഗോവ ഉൾപ്പെടെയുള്ള മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലും മലയാളികൾ കുറവല്ല. ഇവരിൽ നല്ലൊരു ശതമാനം ഓണം നാട്ടിൽ ആഘോഷിക്കാനായി കേരളത്തിലേക്ക് വരാൻ സജ്ജരാണ്. എന്നാൽ ട്രെയിൻ ടിക്കറ്റ് കിട്ടാനില്ല എന്നതാണ് വാസ്തവം. ഇന്ത്യൻ റയിൽവെ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടും തിരക്കിന് ഒട്ടും കുറവില്ല. ട്രെയിനിൽ ടിക്കറ്റ് കിട്ടാതെ വരുന്നതോടെ സ്വകാര്യ ബസുകളെയാണ് ഭൂരിപക്ഷവും ആശ്രയിക്കുന്നത്. സ്വകാര്യ ബസുകളാകട്ടെ കിട്ടിയ അവസരം മുതലാക്കി നന്നായി ടിക്കറ്റ് നിരക്ക് കൂട്ടി വാങ്ങുകയും ചെയ്യും. അതവിടെ നിൽക്കട്ടെ, നമ്മൾ ഇന്ന് ചർച്ച ചെയ്യുന്നത് അന്തർ സംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ അമിത ചാർജ്ജോ ട്രെയിനുകളിലെ തിരക്കോ അല്ല. മറിച്ച്, നമ്മുടെ നാട്ടിൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന ഒരു ട്രെയിനിനെ കുറിച്ചാണ്. അതെ ഒരു രൂപ പോലും നൽകാതെ തികച്ചും സൗജന്യമായി യാത്ര ചെയ്യാൻ കഴിയുന്ന ഒരു ട്രെയിൻ സർവീസ് നമ്മുടെ നാട്ടിലുണ്ട്. 

ഇതാണ് തീർത്തും സൗജന്യ യാത്ര നടത്താൻ സാധിക്കുന്ന ട്രെയിൻ. പേര് ഭക്ര-നംഗൽ ട്രെയിൻ. പഞ്ചാബിലെ ഭക്രയിൽ നിന്നും ഹിമാചൽ പ്രദേശിലെ നംഗലിലേക്കും തിരിച്ചുമാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. പഞ്ചാബിന്റെയും ഹിമാചൽ പ്രാദേശിന്റെയും അതിർത്തി ഗ്രാമങ്ങളാണ് ഇവ. ഭക്ര-നംഗൽ ട്രെയിൻ സർവീസിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടില്ലെങ്കിലും ഭക്ര-നംഗൽ അണക്കെട്ടിനെ കുറിച്ച് നിങ്ങൾ ഉറപ്പായും കേട്ടിട്ടുണ്ടാകും. അതും ഇതുമായി ഒരു ബന്ധമുണ്ട് കേട്ടോ. അതിലേക്ക് പിന്നെ വരാം. നമുക്ക് ഈ ട്രെയിനിന്റെ വിശേഷങ്ങളൊക്കെ ആദ്യമൊന്ന് അറിഞ്ഞുവരാം...

ഏതെങ്കിലും പ്രത്യേക ദിവസം മാത്രമല്ല കേട്ടോ ഈ ട്രെയിൻ സർവീസ് നടത്തുന്നത്. മറിച്ച്, എല്ലാ ദിവസവും രാവിലെയും വൈകിട്ടും ഈ ട്രെയിൻ സർവീസ്  നടത്തുന്നുണ്ട്. നംഗൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്ര തുടങ്ങുന്ന ട്രെയിൻ ശിവാലിക് നിരകളിലൂടെ സഞ്ചരിച്ച് ഭക്രയിലെത്തും. ഭക്രക്കും നം​ഗലിനും ഇടയിലുള്ള 13 കിലോമീറ്റർ ​​ദൂരത്തിലാണ് ഇവൻ കൂകിപ്പായുന്നത്. ലേബർ ഹട്ട്, ബാർമല, നഹ്ല, ഒലിൻഡ എന്നീ സ്റ്റേഷനുകളും ഈ ​​ദൂരത്തിനിടെയുണ്ട്. എല്ലാ ദിവസവും രാവിലെ 7.05ന് ട്രെയിൻ നംഗൽ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് പുറപ്പെട്ട് 8.20ന് ഭക്രയിലെത്തും. പിന്നീട് 3.05ന് നംഗലിൽ നിന്ന് പുറപ്പെടും. ശേഷം 4.20ന് ഭക്ര റെയിൽവേ സ്‌റ്റേഷനിൽ നിന്ന് യാത്രക്കാരെ വഹിച്ചുകൊണ്ട് വീണ്ടും സർവീസ് തുടരും. വിദ്യാർത്ഥികൾക്ക് ഗുണകരമാവുന്ന സമയമാണ് ഇതിൽ ക്രമീകരിച്ചിരിക്കുന്നത് എന്നത് പ്രത്യേകം എടുത്തുപറയേണ്ട സം​ഗതിയാണ്.

ഭക്ര-നംഗൽ ട്രെയിനിൽ കയറിയാൽ നമ്മൾ ബ്രിട്ടീഷ് ഭരണകാലത്താണോ യാത്ര ചെയ്യുന്നത് എന്ന് തോന്നിപ്പോകും. കൊളോണിയൽ കാലത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ മരംകൊണ്ടുള്ള കോച്ചുകളും ബെഞ്ചുകളുമാണ് ഈ ട്രെയിനിലുള്ളത്. എല്ലാം മനോഹരമായി സംരക്ഷിക്കുന്നുണ്ട് എന്ന കാര്യം എടുത്ത് പറയേണ്ടതാണ്. പണം കൊടുത്ത് നാം യാത്ര ചെയ്യുന്ന പാസഞ്ചർ ട്രെയിനുകളുടെ വൃത്തിയും വെടിപ്പും ഇവിടെ അനുസ്മരിക്കാതെ പോകുന്നതും ശരിയല്ല. സൗജന്യമായി ഓടുന്ന ഈ ട്രെയിനിന്റെ വൃത്തിയും ഭം​ഗിയും ഒന്ന് വേറെ തന്നെയാണ്. 

തൊഴിലാളികളും വിദ്യാർഥികളും ഉൾപ്പെടെ 300ഓളം യാത്രികർ ​ദിവസം ഈ ട്രെയിൻ ഉപയോഗിക്കുന്നുണ്ട്. പ്രദേശത്തെ 25 ​ഗ്രാമങ്ങളിലെ ജനങ്ങളുടെ ​ഗതാ​ഗത സംവിധാനമാണ് ഈ ട്രെയിൻ. കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി ഈ റൂട്ടിൽ സൗജന്യ ട്രെയിനുകൾ സർവീസ് നടത്തി വരുന്നുണ്ട്, കൃത്യമായി പറഞ്ഞാൽ 73 വർഷങ്ങൾ പഴക്കുമുള്ളതാണ് ഈ ട്രെയിൻ സർവീസ്. ഈ ട്രെയിനിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ വിദ്യാർത്ഥികളാണ് എന്നത് എടുത്ത് പറയേണ്ട സം​ഗതിയാണ്.

ഇനി ഈ ട്രെയിനിന്റെ ചരിത്രം നമുക്കൊന്ന് പരിശോധിക്കാം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ട്രെയിറ്റ് ഗ്രാവിറ്റി അണക്കെട്ടായ ഭക്രാ-നംഗൽ അണക്കെട്ടിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടില്ലേ?. ഈ അണക്കെട്ടുമായി അഭേദ്യമായ ബന്ധമാണ് ഈ സൗജന്യ ട്രെയിൻ സർവീസിനുള്ളത്. രൂപപ്പെടും മുമ്പ് തന്നെ  ഭക്രാ-നംഗൽ അണക്കെട്ട് ജന്മം നൽകിയതാണ് ഈ ട്രെയിൻ സർവീസ് എന്ന് പറയാം.

കൃത്യസമയത്ത് തൊഴിലാളികളെ പണിസ്ഥലത്ത് എത്തിക്കുക എന്നതായിരുന്നു  ഭക്രാ-നംഗൽ അണക്കെട്ടിന്റെ നിർമാണ സമയത്ത് ഏറെ പ്രയാസകരമായ ഒരു കാര്യം.  തൊഴിലാളികളുടെയും പ്രദേശവാസികളുടെയും സഞ്ചാരസൗകര്യം മുൻനിർത്തിയാണ് ഈ റൂട്ട് പണിതത്. ഡാം തൊഴിലാളികൾക്ക് പണിസ്ഥലത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള മാർഗ്ഗമായിരുന്നു ഇത്. 1948ലാണ് ഈ റെയിൽപാതയുടെ പണി പൂർത്തിയായത്. ആദ്യകാലത്ത് ആവിയന്ത്രത്തിലായിരുന്നു ട്രെയിൻ ഓടിയിരുന്നത്. പിന്നീട് യു.എസിൽ നിന്ന് പുതിയ മൂന്ന് ഡീസൽ എഞ്ചിനുകൾ കൊണ്ടുവന്നു. 1963ൽ ഡാം നിർമാണം പൂർത്തിയായെങ്കിലും സർവിസ് തുടർന്നു. 

 1948ലാണ് ഭക്ര, നംഗൽ എന്നിവയെ ബന്ധിപ്പിച്ചു കൊണ്ട് ട്രെയിൻ ആരംഭിച്ചത്. അന്ന് മുതൽ ഇന്ന് വരെ ഇത് സൗജന്യമായി തന്നെയാണ് സർവീസ് നടത്തുന്നത്. എന്നുവച്ചാൽ, ഈ ട്രെയിനിൽ യാത്ര ചെയ്യുന്നതിന് ആരും ഒരു രൂപപോലും മുടക്കേണ്ടതില്ല എന്നർത്ഥം. ആദ്യകാലങ്ങളിൽ ആവി എഞ്ചിനുകൾ ഉപയോഗിച്ചാണ് ട്രെയിൻ ഓടിയിരുന്നത്. പിന്നീട് അമേരിക്കയിൽ നിന്ന് പുതിയ മൂന്ന് ഡീസൽ എഞ്ചിനുകൾ കൊണ്ടുവന്നു. 1963ൽ ഡാം നിർമാണം പൂർത്തിയായെങ്കിലും സർവിസ് തുടർന്നു. പുതിയ കാലത്ത് ആധുനിക എഞ്ചിനുകൾ ലഭ്യമാണെങ്കിലും പതിറ്റാണ്ടുകൾ പഴക്കമുള്ള അതേ എഞ്ചിനുകളാണ് ട്രെയിൻ ഇപ്പോഴും ഉപയോഗിക്കുന്നത്.

പണം നൽകേണ്ടതില്ല എന്നത് മാത്രമല്ല ഈ ട്രെയിൻ സർവീസിന്റെ ഹൈലൈറ്റ്. ശിവാലിക് മലനിരകളുടെ അത്യപൂർവമായ കാഴ്‌ചകൾ കണ്ടുകൊണ്ട് നിങ്ങൾക്ക് ഈ വഴി സഞ്ചരിക്കാം എന്നതാണ് പ്രത്യേകത. കേവലം പതിമൂന്ന് കിലോമീറ്റർ മാത്രമാണ് ഇതിന്റെ ദൈർഘ്യം. അതിനിടയിൽ അഞ്ച് സ്‌റ്റേഷനുകളിൽ നിർത്തും. 

മറ്റൊരു രസകരമായ വസ്തുത കൂടി പറയാതെ പോയാൽ ശരിയാകില്ല. ഈ ട്രെയിൻ സർവീസ് ഇന്ത്യയിലാണെങ്കിലും ഇത് ഇന്ത്യൻ റയിൽവെയുടെ അധീനതയിലല്ല എന്നതാണ് അത്. ഭക്രാ-ബിയാസ് മാനേജ്മെൻറ് ബോർഡാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്.  2011ൽ ഈ ട്രെയിനിന്റെ സൗജന്യ യാത്ര അവസാനിപ്പിക്കാൻ ഭക്രാ ബിയാസ് മാനേജ്മെൻറ് ബോർഡ് ആലോചിച്ചിരുന്നു. വർധിച്ചുവരുന്ന ചെലവ് കണത്തിലെടുത്തായിരുന്നു ഇത്തരത്തിൽ ഒരു ആലോചന ഉയർന്നു വന്നത്. ട്രെയിന്റെ ദൈനംദിന സർവീസിന് വേണ്ടി വരുന്ന ചിവല് മാത്രമായിരുന്നില്ല പ്രശ്നം. മറിച്ച്  മാറിമാറി ഉപയോഗിക്കുന്ന മൂന്ന് എൻജിനുകളുടെ പാർട്സുകൾ കിട്ടാനുള്ള പ്രയാസും അറ്റകുറ്റപ്പണികളും എല്ലാം ഈ സൗജന്യ സർവീസിന് വെല്ലുവിളിയായി. 

എന്നാൽ, എല്ലാ കാര്യങ്ങളും ലാഭത്തിന്റെ കണക്കുപുസ്തകം വെച്ച് ചെയ്യേണ്ടതല്ലെന്ന അന്തിമ നിലപാടിൽ  ഭക്രാ-ബിയാസ് മാനേജ്മെൻറ് ബോർഡെത്തി. ട്രെയിനിൻറെ ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യം കണക്കിലെടുത്ത് നഷ്ടം സഹിച്ച് ഈ ട്രെയിൻ ഓടിക്കാൻ ബോർഡ് തീരുമാനിക്കുകയായിരുന്നു.

വിദ്യാഭ്യാസവും ആതുരസേവനവുമെല്ലാം ലാഭത്തിന്റെ കണ്ണിലൂടെ മാത്രം കാണുന്ന കെട്ടകാലത്താണ് നാം ജീവിക്കുന്നത്. പണം സമ്പാദിക്കാനായി എന്ത് നെറികേടിനും കൂട്ടുനിൽക്കുന്ന മനുഷ്യരെ എവിടെയും കാണാം,. അവിടെയാണ് ലാഭത്തിന്റെ കണക്കുപുസ്തകം സൂക്ഷിക്കാതെ ഒരു ട്രെയിൻ നിരന്തരം സർവീസ് നടത്തുന്നത്. എത്രനാൾ ഈ ട്രെയിൻ സർവീസ് ഉണ്ടാകും എന്നറിയില്ല. എന്നാൽ, ലാഭത്തിന്റെ ലക്ഷ്യങ്ങൾ തേടാതെ സേവനത്തിന്റെ നേർസാക്ഷ്യമായി ഒരു ട്രെയിനോടിയ കാലത്താണ് നമ്മളും ജീവിച്ചിരുന്നത് എന്ന് നമുക്ക് അഭിമാനത്തോടെ പറയാം...

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img